MEDiSEP | സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതി 2019 ജൂൺ 1 ന് നിലവിൽവരും.

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സർക്കാർ നൽകിയ ഏറ്റവും സുപ്രധാനമായ ഒരു വാഗ്ദാനംകൂടി പാലിക്കപ്പെടുകയാണ്.

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതി 2019 ജൂൺ 1 ന് നിലവിൽവരും. മെഡിക്കൽ ഇൻഷ്വറൻസ് സ്കീം ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് പെൻഷനേഴ്സ് (MEDISEP) എന്നാണ് പദ്ധതിയുടെ പേര്. 2017-18 ലെ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ച പദ്ധതിയാണ് മെഡിസെപ്പ്.

കേരള ഗവൺമെൻ്റ് മെഡിക്കൽ അറ്റൻഡൻ്റ് ചട്ടങ്ങൾ ബാധകമായ ഹൈക്കോടതിയിലേതുൾപ്പെടെയുള്ള സംസ്ഥാന സർക്കാർ ജീവനക്കാർ, പാർടൈം കണ്ടിജൻ്റ് ജീവനക്കാർ, എയ്ഡഡ് മേഖലയിലേതടക്കമുള്ള അധ്യാപകർ-അനധ്യാപകർ, പാർടൈം അധ്യാപകർ, തദ്ദേശഭരണ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ എന്നിവയിലെ ജീവനക്കാർ, പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ എന്നിവരും ഈ വിഭാഗങ്ങളിലെ പെൻഷൻകാരും കുടുംബ പെൻഷൻകാരുമാണ് മെഡിസെപ്പിൻ്റെ ഗുണഭോക്താക്കൾ. ഇവരുടെ ചട്ടപ്രകാരമുള്ള ആശ്രിതർക്കും ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമായിരിക്കും.

താഴെപ്പറയുന്ന മൂന്ന് വിഭാഗത്തിൽപ്പെടുന്ന പരിരക്ഷയായിരിക്കും ലഭ്യമാകുക. ഇപ്പോൾ നിലവിൽ വരുന്ന ഇൻഷ്വറൻസ് പദ്ധതിയുടെ കാലാവധി മൂന്നു വർഷമാണ്.

1) അടിസ്ഥാന പരിരക്ഷ – ഓരോ കുടുംബത്തിനും ഇൻഷ്വറൻസ് കാലയളവിൽ പ്രതിവർഷം രണ്ടുലക്ഷം രൂപയുടെ അടിസ്ഥാന ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാകും.

2) അധിക പരിരക്ഷ – അവയവമാറ്റം ഉൾപ്പെടെയുള്ള ഗുരുതരരോഗങ്ങൾക്കുള്ള ചികിത്സയ്ക്ക് മൂന്നു വർഷക്കാലത്ത് ഒരു കുടുംബത്തിന് പരമാവധി ആറുലക്ഷം രൂപയുടെ അധിക പരിരക്ഷ ലഭിക്കും. പ്രതിവർഷം രണ്ടുലക്ഷം രൂപ നിരക്കിൽ ലഭിക്കുന്ന അടിസ്ഥാന പരിരക്ഷയ്ക്കു പുറമേയായിരിക്കും ഇത്.

3) ആറുലക്ഷം രൂപയുടെ അധിക പരിരക്ഷയും ഗുരുതരരോഗ ചികിത്സാച്ചെലവിന് തികയുന്നില്ലായെങ്കിൽ, ഇതിനു പുറമേ പോളിസി കാലയളവിൽ പരമാവധി ഒരു കുടുംബത്തിന് മൂന്നുലക്ഷം രൂപ വരെ ലഭ്യമാക്കും. ഇതിനായി ഇൻഷ്വറൻസ് കമ്പനി പ്രതിവർഷം 25 കോടി രൂപയുടെ ഒരു സഞ്ചിതനിധി രൂപീകരിക്കും. ഇതിൽ നിന്നായിരിക്കും ഈ അധിക സഹായം നൽകുക.

ഇൻഷ്വറൻസ് റെഗുലേറ്ററി ആൻ്റ് ഡെവലപ്പ്മെൻ്റ് അതോറിറ്റിയുടെ അംഗീകാരമുള്ള കമ്പനികളിൽ നിന്നും താൽപ്പര്യപത്രം ക്ഷണിക്കുകയും അതിൻ്റെ അടിസ്ഥാനത്തിൽ ഇ-ടെണ്ടർ പുറപ്പെടുവിച്ച് കമ്പനിയെ നിശ്ചയിക്കുകയുമാണ് ചെയ്തിട്ടുള്ളത്. ടെണ്ടർ പ്രൊപ്പോസലുകളിൽ ഏറ്റവും കുറഞ്ഞ വാർഷിക പ്രീമിയം തുകയായ 2992.48 രൂപ (ജിഎസ്ടി അടക്കം) രേഖപ്പെടുത്തിയ റിലയൻസ് ജനറൽ ഇൻഷ്വറൻസ് കമ്പനിക്കാണ് ഈ സ്കീം നടപ്പിലാക്കുന്നതിനുള്ള അനുവാദം നൽകുന്നത്.

വിവിധ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പ്രതിമാസം 250/- രൂപ വീതം ഇൻഷ്വറൻസ് പ്രീമിയമായി പിടിക്കും. പെൻഷൻകാർക്ക് മെഡിക്കൽ അലവൻസായി നൽകിവരുന്ന 300 രൂപയിൽ നിന്ന് പ്രീമിയം തുക കുറവു ചെയ്യും. ഇൻഷ്വറൻസ് പ്രീമിയം മൂന്നു ഗഡുക്കളായി സർക്കാർ ഇൻഷ്വറൻസ് കമ്പനിക്ക് മുൻകൂറായി നൽകും. ഔട്ട് പേഷ്യൻ്റ് ചികിത്സകൾക്ക് നിലവിലുള്ള മെഡിക്കൽ റീ-ഇമ്പേഴ്സ്മെൻ്റ് സ്കീം തുടരും.medisep - muralipanamanna

Downloads
പത്രക്കുറിപ്പ് തീയ്യതി 26-04-2019
MEDiSEP New Instructions for General Education Department